Monday, January 29, 2018

തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ്‌ പഞ്ചായത്തിലാണ്‌ ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കണ്ണശ്ശന്മാരും മലയിന്‍കീഴുമായുള്ള ബന്ധം പ്രസിദ്ധമാണ്‌.കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത്‌ ക്ഷേത്രഗോപുരത്തിലാണെന്നും മയില്‍പ്പീലി കണ്ണനെ ഉപാസിച്ചായിരുന്നു കാവ്യരചന നടത്തിയതെന്നും പുരാവൃത്തം. കണ്ണശ്ശഗീതയുടെ ജന്മത്തിന്‌ സാക്ഷ്യം വഹിച്ച ഈ നാട്‌. ശബരിമല മാളികപ്പുറം മേല്‍ശാന്തിയായ ഗോവിന്ദന്‍പോറ്റി മലയാളമാസം ഒന്നാം തീയതിതോറും ക്ഷേത്രദര്‍ശനത്തിന്‌ മുടങ്ങാതെ എത്തുന്നു.
ക്ഷേത്രനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ആകര്‍ഷകമാണ്‌. മുന്നില്‍ വലിപ്പമുള്ള ധ്വജം. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ സ്ഥാപിച്ചതാണിത്‌. അതിനുചുവട്ടില്‍ ചുറ്റും മനോഹരമായ കൊത്തുപണികള്‍. ശ്രീകോവിലിന്റെ കഴുക്കോലില്‍ തെളിയുന്ന പുരാതനലിപിയും നാലമ്പലത്തിനകത്തെ തൂണികളിലെ ശില്‍പങ്ങളുമെല്ലാം ചാരുതയാര്‍ന്നവ. വടക്കുവശത്ത്‌ വിസ്തൃതമായ കുളമുണ്ട്‌. ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീകൃഷ്ണന്‍. തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ കൊണ്ടുവന്ന്‌ പ്രതിഷ്ഠിച്ചതെന്നും വില്വമംഗലത്തുസ്വാമിയാര്‍ പൂജിച്ചതാണെന്നും ഐതിഹ്യം.
മലയിന്‍കീഴ്‌ ശ്രീകൃഷ്ണസ്വാമിയെ തിരുവല്ല-വാഴപ്പന്‍ എന്നര്‍ത്ഥത്തില്‍ തിരുവല്ലാഴപ്പന്‍ എന്നും വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. മലയിന്‍കീഴ്‌ ക്ഷേത്രം പണ്ട്‌ തിരുവല്ലക്ഷേത്രത്തിന്റെ കീഴേടമായിരുന്നുവെന്നും തിരുവല്ലം പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമ. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും, ഉപദേവന്മാരായുണ്ട്‌. ധര്‍മ്മശാസ്താവിന്റെ അമ്പലത്തിന്‌ മേല്‍ക്കൂരയില്ല. പണ്ട്‌ ഇവിടെ ഉണ്ടായിരുന്ന ഒരു ശാന്തിക്കാരനോട്‌ കഴകക്കാരില്‍ ചിലര്‍ക്ക്‌ വിരോധം തോന്നി. ശത്രുത വളര്‍ന്നപ്പോള്‍ ക്ഷേത്രപറമ്പില്‍ വച്ച്‌ ശാന്തിക്കാരന്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു.
ദുര്‍മരണം സംഭവിച്ച ശാന്തിക്കാരനെ ബ്രഹ്മരക്ഷസായി ഇവിടെത്തന്നെ കുടിയിരുത്തുകയായിരുന്നു. വടക്കുവശത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമായി നാഗരും ചുറ്റുമതിലിനുപുറത്ത്‌ യക്ഷിയുമാണ്‌. സ്വാമിയാര്‍ പൂജയുണ്ട്‌. പണ്ടു പൂജ നടക്കുമ്പോഴും ഒരു സംഭവമുണ്ടായി. സ്വാമിയാര്‍ മഠത്തിന്റെ അധിപതി ആറുദേശപ്പറ്റി സ്വാമികള്‍ മലയിന്‍കീഴ്‌ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുവരികയായിരുന്നു. അദ്ദേഹം നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരങ്ങള്‍ ലംഘിച്ച്‌ ശ്രീകൃഷ്ണ ഭക്തയായ ഒരു സ്ത്രീ ഭഗവത്‌ ദര്‍ശനത്തിനായി നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുകയും അവര്‍ പിന്നീട്‌ മടങ്ങിവരാതിരിക്കുകയും ചെയ്തു. അവര്‍ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു എന്ന്‌ ഐതിഹ്യം. ഇന്നും ഇവിടെ നാലമ്പലത്തിനകത്ത്‌ സ്ത്രീകള്‍ക്ക്‌ പ്രവേശനമില്ല.
പിതാംബരധാരിയായ മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തിയ വേണഗോപാലനായ കണ്ണന്‍ ഈ ക്ഷേത്രത്തില്‍ അനന്തചൈതന്യമായി വിരാജിച്ച്‌ ആയിരമായിരം ഹൃദയങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ കുളിര്‍മാരിയായി പെയത്തിറങ്ങുന്നു. കദളിപ്പഴവും പാല്‍പ്പായസവും ഉണ്ണിയപ്പവും ഭഗവാന്‌ പ്രധാന നിവേദ്യങ്ങള്‍. പണ്ട്‌ ധാരാളം പശുക്കുട്ടികളെപ്പോലും നേര്‍ച്ചയായി നടയ്ക്ക്‌ വച്ചിരുന്നു.
ചിങ്ങമാസത്തിലെ തിരുവോണം, വിഷു, അഷ്ടമിരോഹിണി, മകരഠ ഒന്ന്‌, മിഥുനം ഒന്ന്‌ എന്നിവ വിശേഷങ്ങള്‍. മീനമാസത്തിലാണ്‌ പ്രസിദ്ധമായ മലയിന്‍കീഴ്‌ ഉത്സവം. തിരുവോണദിവസം ആറാട്ടായി. ആദ്യത്തെ ദിവസം രാത്രിയിലാണ്‌ കൊടിയേറ്റ്‌. പരിപാടികളില്‍ ക്ഷേത്രകലകള്‍ക്കാണ്‌ മുഖ്യസ്ഥാനം. പ്രശസ്തരുടെ സംഗീതകച്ചേരി അതിന്‌ മാറ്റു കൂട്ടും. മലയിന്‍കീഴിന്റെ ഓരോ മുക്കിലും മൂലയിലും ദീപാലങ്കാരങ്ങള്‍. ക്ഷേത്രാങ്കണം മുതല്‍ ആറാട്ടുകടവുവരെ പുഷ്പാലങ്കാരങ്ങള്‍. മൂന്നും നാലും അഞ്ചും ദിവസങ്ങളില്‍ ഉത്സവബലിയുണ്ട്‌. അഞ്ചാം ദിവസം തിരുവാഭരണം ചാര്‍ത്തല്‍. ഏഴാം ദിവസം പള്ളിവേട്ട. മലയിന്‍കീഴിലെ വേട്ടകളത്തിലാണിത്‌. എട്ടാം ദിവസം വൈകിട്ട്‌ ആറാട്ട്‌.
ആറാട്ട്‌ ദിവസം രാവിലെ കൊടിയിറങ്ങും. ഇവിടെനിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെയുള്ള കുഴക്കാട്‌ ദേവീക്ഷേത്രത്തിനു സമീപമുള്ള തോട്ടിലാണ്‌ ആറാട്ട്‌. പത്തുപതിനഞ്ച്‌ ആനകളുടെയും പഞ്ചവാദ്യംപോലുള്ള വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ്‌ ആറാട്ട്‌ ഘോഷയാത്ര. ഭക്തിനിര്‍ഭരമായ ഈ ചടങ്ങിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്‌. ശ്രീകൃഷ്ണന്‍ വിവാഹത്തിനാഗ്രഹിച്ചാണ്‌ ആ ദേവീക്ഷേത്രത്തിലേക്ക്‌ പോകുന്നതെന്നും ആഗ്രഹം സഫലമാകാതെയാണ്‌ മടങ്ങുന്നതെന്നും അക്കഥ. തിരിച്ചെത്തുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കും. തിരിച്ചുള്ള യാത്രകാണാനും ഭക്തജനങ്ങള്‍ നിറപറയൊരുക്കി കാത്തുനില്‍ക്കുന്നുണ്ടാകും. ഗംഭീരമായ കരിമരുന്നുപ്രയോഗത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക്‌ സമാപനമാകും.



മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തോളം പഴക്കമുണ്ടെന്നാണ് യശ:ശരീരനായ പണ്ഡിതവര്യന്‍ ശൂരനാട് കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ഒട്ടും അതിശയോക്തിയല്ലെന്നാണു ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. തിരുവല്ല വിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടയത്തില്‍ മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശം ഉണ്ട്. ഈ പട്ടയത്തിന്‍റെ കാലം പതിനൊന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധമെന്നു കരുതുന്നു. ചെമ്പുതകിടിലാണ് ഈ രേഖ ആലേഖനം ചെയ്തിട്ടുള്ളത്. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാല്‍ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ മലയിന്‍കീഴ് (മലയുടെ കീഴ്) “മലൈയില്‍ക്കീഴ്” ആണ്. തിരുവല്ലാ ക്ഷേത്രത്തിലേക്കു ലഭിക്കേണ്ട ദാനങ്ങള്‍, വസ്തുക്കള്‍, ജന്മികുടിയാന്‍ബന്ധം, വ്യവസ്ഥകള്‍, ഇവയെല്ലാം ചെപ്പേടില്‍ ഉണ്ട്. എന്നാല്‍ ചേപ്പേടുകള്‍ പലതും നഷ്ടപ്പെട്ടതിനാല്‍, അതില്‍ ക്ഷേത്രത്തെപ്പറ്റി വിവരം ഇല്ല. അതേസമയം ഒരു തകിടിന്‍റെ വശത്ത് മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. മലയിന്‍കീഴ് നിന്നു കിട്ടേണ്ട പാട്ട നെല്ലിന്‍റെ കണക്കാണ് പ്രധാനം. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, തിരുവല്ല വിഷ്ണുക്ഷേത്രത്തിന് ഉണ്ടായിരുന്ന കീഴൂട്ട് ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. തിരുവല്ല പത്തില്ലത്തില്‍ പോറ്റിമാരുടെ ഊരാണ്മക്കാരില്‍പ്പെട്ടവര്‍ക്കായിരുന്നു മലയിന്‍കീഴ് ഭാഗത്തെ വസ്തുക്കളുടെ സിംഹഭാഗവും. തിരുവല്ല പത്തില്ലക്കാരില്‍ പ്രധാനിയായ പെരിങ്ങര മൂവിടത്തു മേച്ചേരി ഇല്ലം വക ഒരു മഠവും മലയിന്‍കീഴ് ഉണ്ടായിരുന്നു. മലയിന്‍കീഴ് ക്ഷേത്രത്തിന്‍റെ തെക്കുകിഴക്കായി ക്ഷേത്രസങ്കേത അതിരായി വയലരികത്ത് വഴിയുടെ കിഴക്കുഭാഗത്തായിരുന്നു ഈ മഠം.

കൊല്ലവര്‍ഷം ആരംഭിച്ചത് എ.ഡി. 824 ആണെന്നാണ് ചരിത്രകാരന്മാര്‍ സിദ്ധാന്തിച്ചിട്ടുള്ളത് . അതിനു മുന്‍പു തന്നെ തിരുവല്ല ഗ്രാമത്തിലെ നമ്പൂതിരിമാര്‍ മലയിന്‍കീഴ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്നും രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നു അതിനു കാരണമെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. തിരുവല്ല ക്ഷേത്രത്തെ പോലെ അക്കാലത്ത് പ്രസിദ്ധമായിരിക്കാം മലയിന്‍കീഴ് ക്ഷേത്രവും. ഇവിടത്തെ പ്രതിഷ്ഠകള്‍ തമ്മിലും ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ഐതിഹ്യങ്ങളില്‍ ഒന്ന് ഇതാണ്: വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ചു. ദ്വാരകയില്‍ സാത്യകി പൂജിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം ജലത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്നും അത് എടുത്ത് യഥാവിധി പ്രതിഷ്ഠിക്കണമെന്നും സ്വാമിയാരോട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം സ്വാമിയാര്‍ കുളിക്കാന്‍ നദിയില്‍ മുങ്ങിയപ്പോള്‍ തന്‍റെ ശിരസ്സ് ഏതോ വിഗ്രഹത്തില്‍ തട്ടിയതായി തോന്നി. അദ്ദേഹം അതെടുത്തു പുറത്തു കൊണ്ടു വന്നപ്പോള്‍ മനോഹരമായ വിഗ്രഹ മാണെന്നു മനസ്സിലായി. സ്വാമിയാര്‍ അതിനെ പ്രതിഷ്ഠിക്കാന്‍ തിരുവല്ലയില്‍ ക്ഷേത്രം പണിയിച്ചു. പ്രതിഷ്ഠാദിനം എത്തിയപ്പോള്‍ സ്വാമിയാര്‍ ഒരു സ്വപ്നം കണ്ടു. വിഗ്രഹം മലയിന്‍കീഴ് എന്ന സ്ഥലത്ത് പ്രതിഷ്ഠിക്കാനായിരുന്നു സ്വപ്നത്തിലെ നിര്‍ദ്ദേശം. അങ്ങനെയാണ് വിഗ്രഹം മലയിന്‍കീഴ് പ്രതിഷ്ഠിച്ചത്. തിരുവല്ല ക്ഷേത്രത്തിലെ വിഗ്രഹത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ട്. മലയിന്‍കീഴ് ക്ഷേത്ര പ്രതിഷ്ഠയെ ”തിരുവല്ലാഴപ്പന്‍” എന്ന് ഇപ്പോഴും ആളുകള്‍ വിളിക്കുന്നത് രണ്ടു ക്ഷേത്രങ്ങള്‍ക്കും നൂറ്റാണ്ട് മുമ്പുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും മലയിന്‍കീഴും

അനന്തന്‍ കാട് അന്വേഷിച്ച് നടന്ന വില്വമംഗലം സ്വാമിയാറു (തുളുനാട്ടിലെ ദിവാകര മുനിയെപ്പറ്റിയും ഇതേ കഥയുണ്ട്) മായി ബന്ധപ്പെടുത്തിയാണ് ഇന്ന് വിശ്വപ്രസിദ്ധമായി മാറിയ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യം നീളുന്നത്. ശ്രീപത്മനാഭസ്വാമി പാലാഴിയില്‍ അനന്തന്‍ എന്ന സര്‍പ്പത്തില്‍ പള്ളികൊള്ളുന്നു ”അനന്തശയനം” ആണ് ഇവിടത്തെ പ്രതിഷ്ഠ. അതില്‍ നിന്നാണു നഗരത്തിന്‍റെ പേരുണ്ടായത്. അനന്ത (അനന്തന്‍റെ പേര്) + പുരം (‘നഗരം’ എന്നതിനോടു ബഹുമാന സൂചകമായി ‘തിരു’ കൂടി ചേര്‍ത്താണ് തിരുവനന്തപുരം ഉണ്ടായതെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം. ഇതിന് എതിരഭിപ്രായവും ഉണ്ട്. തര്‍ക്കം എന്തായാലും തിരുവനന്തപുരം എന്നപേര് ആദ്യ കാല സാഹിത്യകൃതികളിലോ മതിലകം രേഖകളിലോ കാണുന്നില്ല. ശ്രീപത്മനാഭ സ്വാമിക്ഷേത്രം സംബന്ധിച്ച രേഖകള്‍ ആണ് മതിലകം രേഖകള്‍. പനയോലയില്‍ നാരായം കൊണ്ട് എഴുതിയ മതിലകം രേഖകളില്‍ എ.ഡി. 1303 മുതലുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിലെല്ലാം ‘തിരുവനന്തപുരം’ എന്നതിനു പകരം ‘തിരുവാനന്തപുരം’ എന്നാണ് കാണുന്നത്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ വൈഷ്ണവ കവി നമ്മാള്‍വാര്‍ ആണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പാടിയത്. അദ്ദേഹത്തിന്റെ കവിതയിലും ‘തിരുവനന്തപുരം’ എന്ന വാക്കില്ല. പതിമുന്നാം നൂറ്റാണ്ടിന്‍റെ അവസാനമോ പതിനാലാം നൂറ്റാണ്ടിന്‍റെ ആദ്യമോ എഴുതിയ ”അനന്തപുരവര്‍ണ്ണനം” എന്ന സാഹിത്യകൃതിയിലും നഗരത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ടെങ്കിലും ‘തിരുവനന്തപുരം’ എന്ന പേരില്ല. എന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തില്‍ മലയിന്‍കീഴിന്റെ പേരുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയുന്ന പൗരാണികവും ചരിത്രപരവുമായ കൃതിയാണ് ‘സ്യാനന്ദൂര പുരാണ സമുച്ചയം’. എ.ഡി 1167-ല്‍ രചിച്ചതായി കരുതുന്ന് ഈ സംസ്‌കൃതകൃതിയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സ്ഥാനം വിവരിക്കുന്നുണ്ട്. മലയപര്‍വ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങള്‍ക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന രാജ്യം ശ്രീ പത്മനാഭന്‍റെ താണെന്ന് പറയുന്നു. ഇതില്‍ മലയ പര്‍വ്വതം മലയിന്‍കീഴ് ആണെന്നാന്ന് വ്യാഖ്യാതാക്കള്‍ പറയുന്നത്. മൂക്കുന്നിമലയ്ക്കു സമീപത്തുള്ള ഈ സ്ഥലം അന്നേ പ്രസിദ്ധമായിരുന്നുവെന്നും അതിനു കാരണം ഇവിടുത്തെ ക്ഷേത്രമാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.

മലയിന്‍കീഴും ഗുരുവായൂരും

പലമഹാക്ഷേത്രങ്ങളിലും വിഷ്ണുഭഗവാനെ ശ്രീകൃഷ്ണനായി സങ്കല്പിച്ചാണ് ആരാധന നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും മലയന്‍കീഴ് ക്ഷേത്രത്തിന്റെയും സ്ഥിതി അതു തന്നെ. മലയിന്‍കീഴിനെയും ഗുരുവായൂരിനെയും ഘടിപ്പിക്കുന്ന ചില വസ്തുതകളുണ്ട്. ഭാരതയുദ്ധത്തിനു ശേഷം പുരാണരേഖകള്‍ പ്രകാരം ലോകത്തിനു കിട്ടിയ രണ്ട് സംഭാവനകളാണ് ഗുരുവായൂര്‍ക്ഷേത്രവിഗ്രഹവും, ഭഗവദ്ഗീതയും. തന്‍റെ കുടുംബം പരമ്പരാഗതമായി പൂജിച്ചിരുന്ന വിഗ്രഹത്തിന് ഉണ്ടാകാന്‍ പോകുന്ന കാര്യം ശ്രീകൃഷ്ണന്‍ മുന്‍കൂട്ടി കണ്ടു. അദ്ദേഹം ദേവഗുരു ബൃഹസ്പതിയോടു കാര്യം പറഞ്ഞു. തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുക്കുമെന്നും അപ്പോള്‍ താന്‍ പൂജിച്ചിരുന്ന വിഗ്രഹം കടലില്‍ ഒഴുകിപോകാതെ ഭദ്രമായി എടുത്ത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്നും വരാന്‍ പോകുന്ന കലിയുഗത്തില്‍ അത് ഭക്തന്മാര്‍ക്ക് അനുഗ്രഹമായി മാറുമെന്നും കൃഷ്ണന്‍ പറഞ്ഞു. വായു ഭഗവാന്‍റെ സഹായം കൂടി ഇതിന് അഭ്യര്‍ത്ഥിക്കണമെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. കൃഷ്ണന്‍ പറഞ്ഞതുപോലെ തന്നെ ഭാരതയുദ്ധത്തിനു ശേഷം ദ്വാരക കടലെടുത്തു. അപ്പോഴാണ് കൃഷ്ണന്‍റെ വിഗ്രഹം കടലിലൂടെ ഒഴുകുന്നത് ബൃഹസ്പതി കണ്ടത്. അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചതുപോലെ വായുഭഗവാന്‍റെ സഹായം തേടി. ദേവഗുരുവും വായുഭഗവാനും ചേര്‍ന്ന് ആ വിഗ്രഹമെടുത്ത് പ്രതിഷ്ഠിക്കാന്‍ ഉചിതമായ സ്ഥലം തേടി ആകാശയാത്ര തുടര്‍ന്നു. അപ്പോഴാണ് ഒരു സ്ഥലത്ത് ശിവപാര്‍വ്വതിനൃത്തം നടക്കുന്നത് കണ്ടത്. അവിടെ അവര്‍ ഇറങ്ങി. വിഗ്രഹം പ്രതിഷ്ഠിച്ചു. ദേവഗുരുവും വായുവും കൂടി പ്രതിഷ്ഠിച്ചതിനാല്‍ ആ സ്ഥലത്തിന് ‘ഗുരുവായൂര്‍’ എന്നു പേര് വന്നു. ഇനി ഭാരതയുദ്ധം വഴി ലഭിച്ച ‘ഭഗവദ്ഗീത’ എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തിന് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ മൊഴിമാറ്റം ഉണ്ടായതു മലയിന്‍കീഴ് ക്ഷേത്രാങ്കണത്തില്‍ വച്ചാണ്. ഭാഷാപിതാവായ എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.
“ചെല്‌വമെഴും മലയിന്‍കീഴ്-
തിരുമാതിന്‍ വല്ലഭനരുളാലേ
തെളിവൊടു മാധവനഹ
മിടര്‍കളവാന്‍”

ഇന്ദ്രഗിരിപോലെ അക്ഷയമായ ഐശ്വര്യം കളിയാടുന്ന മലയിന്‍കീഴ് ദേശത്തു വാണരുളുന്ന ശ്രീകൃഷ്ണസ്വാമിയുടെ ഹിതപ്രകാരമാണ് ഗ്രന്ഥരചന നടത്തിയതെന്നു മഹാകവി മലയിന്‍കീഴ് മാധവന്‍ നൂറ്റാണ്ടു മുമ്പു പറയുന്നതില്‍ നിന്നുതന്നെ ഈ ക്ഷേത്രത്തിന്‍റെയും പ്രദേശത്തിന്‍റെയും പ്രാധാന്യം ഊഹിക്കാവുന്നതാണ്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പോലെയോ ഗുരുവായൂര്‍ പോലെയോ ഒരു കാലത്ത് പ്രസിദ്ധമായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. കലാന്തരത്തില്‍ അതിനുള്ള ഭൂമിയും മഠങ്ങളും നഷ്ടപ്പെട്ടിരിക്കാം. എങ്കിലും മതിലകം രേഖകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഈ ക്ഷേത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1729 ല്‍ തിരുവിതാംകൂറില്‍ ഭരണം ഏല്‍ക്കുകയും രാജ്യം ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കാലത്തു തന്നെ മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിന്നു പത്മനാഭക്ഷേത്രത്തിലേക്ക് വാദ്യക്കാരെ വരുത്തിയതിനു തെളിവുണ്ട്. ഇതു കൂടാതെ ശ്രീമൂലം തിരുനാള്‍ (1885-1924) വരെയുള്ള മഹാരാജാക്കന്മാരും സര്‍.ടി മാധവറാവു ഉള്‍പ്പെടെയുള്ള ദിവാന്മാരും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, മലയിന്‍കീഴ് ക്ഷേത്രത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നത് കുട്ടികുഞ്ഞുതങ്കച്ചിയുടെ കവിതകളാണ്.

ഓമനത്തിങ്കള്‍ കിടാവോ – നല്ല
കോമളത്താമരപ്പൂവോ

എന്ന അനശ്വര താരാട്ടിന്‍റെ കര്‍ത്താവായ ഇരിയമ്മന്‍തമ്പിയുടെ മകളാണ് കുട്ടികുഞ്ഞു തങ്കച്ചി (1820 – 1904) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപം താമസിച്ചിരുന്ന അവര്‍ക്ക് അവിടത്തെ അമ്പാടി കൃഷ്ണനെക്കാള്‍ ഇഷ്ടം മലയിന്‍കീഴ് കൃഷ്ണനെയായിരുന്നു. അതുകൊണ്ടാണ് അവരുടെ മലയിന്‍കീഴ് ക്ഷേത്രദര്‍ശനവും അവിടെത്തെ കൃഷ്ണനെക്കുറിച്ചുള്ള കവിതകളും. ഇന്നും തിരുവനന്തപുരം നഗരത്തിലെ പഴമക്കാരുടെ ആരാധനാമൂര്‍ത്തിയാണ് മലയിന്‍കീഴ് ശ്രീകൃഷ്ണന്‍. നെടുമങ്ങാട്, വിതുര, തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ പൂര്‍വ്വികര്‍ പണ്ട് പശു പ്രസവിച്ചാല്‍ ആദ്യത്തെ പാല് നല്‍കിയിരുന്നതും പശുക്കുട്ടികളെ ദാനമായി നല്‍കിയിരുന്നതും മലയിന്‍കീഴ് ക്ഷേത്രത്തിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബസ് സര്‍വ്വീസ്‌പോലും ഇല്ലാത്ത കാലമായിരുന്നു അത്. മുന്‍രാഷ്ട്രപതി വി.വി.ഗിരി ഗവര്‍ണറായിരുന്നപ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്ന കാര്യം നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്. ഇങ്ങനെ നോക്കിയാല്‍ ഒരു കാലത്ത് കീര്‍ത്തിയുടെ ഉത്തുംഗശൃംഗത്തില്‍ ഉയര്‍ന്നു നിന്നതും തെക്കന്‍ കേരളത്തിലെ വൈഷ്ണവ ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു മലയിന്‍കീഴ് ക്ഷേത്രം.

Sunday, July 13, 2014

Wednesday, April 2, 2014


 കവിയൂർ  ഗുഹാക്ഷേത്രം 

                                       മാടത്തിൻകൂർ  സ്വരൂപം                                                                                                                                                                                     ആയ് രാജ്യത്തിന്റെ സാമന്തരാജ്യമായിരുന്ന ഓടനാട്ടു രാജ്യത്തിലെ, ഒരു പ്രവിശ്യയായിരുന്നു മാടത്തിന്‍കൂര്‍. പ്രസ്തുത പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പ്രാചീനകാലത്ത് മാവേലിക്കര. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ദളവയും സര്‍വ്വസൈന്യാധിപനുമായിരുന്ന രാമയ്യന്‍ മാവേലിക്കരയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാല്‍ മഹാലക്ഷ്മിയെന്നൊരു അര്‍ത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവല്‍ എന്ന അര്‍ത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവല്‍ നില്‍ക്കുന്ന നാട് എന്ന അര്‍ത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതീഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാല്‍ വ്യക്തവും, യുക്തിഭദ്രവുമായ മറ്റൊരു നിഗമനം ഇങ്ങനെയാണ്. “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകള്‍ ആയിരുന്നുവത്രെ. അതിനാല്‍, അളന്നാല്‍ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അര്‍ത്ഥത്തില്‍ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂര്‍ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിര്‍ത്തിയിലുള്‍പ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും ഉണ്ട്.
                                                       കേരളചരിത്രത്തില്‍ മാവേലിക്കരയുടെ ചരിത്രം തുടങ്ങുന്നത്  മാടത്തിന്‍കൂര്‍ രാജവംശത്തില്‍ നിന്നാണ്. ഓടനാടിനു പുറമെ ഓണനാടെന്നും മാവേലിക്കര അറിയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമായതിനാലായിരിക്കണം ഓണനാടെന്നു വിളിച്ചിരുന്നത് എന്നാണ് വിശ്വാസം. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ദളവയും സര്‍വ്വസൈന്യാധിപനുമായി നിയമിതനായ രാമയ്യന്‍ മാവേലിക്കരയിലെ ഇടശ്ശേരി ശങ്കര മാര്‍ത്താണ്ഡന്‍ ഉണ്ണിത്താന്റെ സഹോദരിയെ വിവാഹം കഴിച്ച് ഇവിടെ താമസം ഉറപ്പിച്ചതോടെയാണ് മാവേലിക്കരയുടെ ചരിത്രത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നത്. പത്തൊമ്പത് വര്‍ഷത്തോളം ദിവാനായിരുന്ന രാമയ്യന്റെ കാലത്ത് മാവേലിക്കര തിരുവിതാംകൂറിന്റെ വാണിജ്യ-സാമ്പത്തിക തലസ്ഥാനമായി മാറി. 

Friday, November 8, 2013

                                       കോന്നി


                                                    കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂര്‍വ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂര്‍വ്വീകര്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവര്‍ഷം 79-ാം ആണ്ടില്‍ അവര്‍ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവര്‍ഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാര്‍ക്കാന്‍ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറില്‍ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെ അധീനതയിലിരിക്കുന്നു. അത് കോലെഴുത്തില്‍ എഴുതിയിട്ടുള്ളതും വാചകരീതി മലയാളമായിട്ടും കാണുന്നു. അങ്ങനെയാണെങ്കില്‍ കൊല്ലവര്‍ഷം 79-നും കുറേക്കാലം മുമ്പെങ്കിലും ആ കുടുംബക്കാര്‍ പന്തളത്ത് വാസം ആരംഭിക്കുകയും രാജ്യഭരണം നടത്തുകയും ചെയ്തിരിക്കണം. അപ്പോള്‍ ഇന്നത്തേക്ക് പന്ത്രണ്ട് നൂറ്റാണ്ടിനു മുമ്പെങ്കിലും പന്തളം രാജ്യം നിലവില്‍ വന്നുകഴിഞ്ഞിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. പാണ്ഡ്യരാജവംശം ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂര്‍ ശാഖക്കാരാണ് പന്തളംരാജകുടുംബാംഗങ്ങളുടെ പൂര്‍വ്വീകര്‍. മധുര ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂര്‍ ശാഖക്കാര്‍ ശിവഗിരി എന്ന ഗ്രാമം (തമിഴ്നാട്) വിലയ്ക്കുവാങ്ങി അവിടെ താമസം തുടങ്ങി. ശിവഗിരിവിടേണ്ടിവരികയും കേരളാതിര്‍ത്തിയില്‍ എത്തുന്നതിനുമുമ്പു തന്നെ തെങ്കാശി, ഇലത്തൂര്‍മണിയം എന്നിവിടങ്ങളില്‍ സ്വത്തുക്കളും മറ്റും സമ്പാദിച്ച് താമസിക്കുകയും ചെയ്തു. അക്കാലത്ത് വേണാട് രാജാക്കന്മാരുടെ സഹകരണവും അവരുമായി വിവാഹബന്ധങ്ങളും ഉണ്ടായി. ആ സാഹചര്യത്തിലായിരിക്കണം വേണാടിന്റെ ആനുകൂല്യങ്ങളോടുകൂടി സഹ്യസാനുക്കളിലുള്ള അച്ചന്‍കോവില്‍, കോന്നിയൂര്‍ എന്നിവിടങ്ങളില്‍ താമസിക്കാനിടവന്നിട്ടുണ്ടാവുക. ഈ രാജവംശം കോന്നിയൂരില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം താമസിച്ചിരുന്നതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. കൊല്ലവര്‍ഷം 345-ാം ആണ്ട് മീനമാസം 17-ാം തീയതി രാജരാജവര്‍മ്മ എന്ന ഇളയരാജാവ് രേഖപ്പെടുത്തിയതായി കാണുന്ന മറ്റൊരു ലിഖിതപ്രകാരം, കൊല്ലവര്‍ഷം 345-നു മുമ്പുതന്നെ കോന്നിയൂരില്‍ ഒരു കോയിക്കല്‍ നിര്‍മ്മിച്ച് രാജകുടുംബത്തില്‍പ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവിടെ പാര്‍പ്പിച്ചിരുന്നതായി കാണാം. അച്ചന്‍കോവിലില്‍ നിന്നും പടിഞ്ഞാറോട്ടു നീങ്ങിയ ചെമ്പഴന്നൂര്‍ ശാഖക്കാര്‍ തുറ എന്ന സ്ഥലത്തെത്തി അച്ചന്‍കോവിലാറിനു കുറുകെ കടന്ന് കരിപ്പാന്‍തോട്, നടുവത്ത് മൂഴി, വയക്കര, കുമ്മണ്ണൂര്‍, ആനകുത്തി വഴി മഞ്ഞക്കടമ്പ് എത്തിച്ചേരുകയുണ്ടായി. ഒരു കോയിക്കലാണ് അവിടെ ആദ്യം പണിയിച്ചത്. അത് മഞ്ഞക്കടമ്പിനടുത്ത് കോയിക്കലേത്ത് എന്നറിയപ്പെടുന്നു. അവിടെയാണ് ആരംഭത്തില്‍ എല്ലാവരുമൊന്നിച്ചു പാര്‍ത്തത്. കൂടുതല്‍ ആളുകള്‍ വന്നുചേര്‍ന്നതോടുകൂടി പുതിയ കോയിക്കലുകള്‍ നിര്‍മ്മിച്ചു. ആറിന്റെ വടക്കേകരയില്‍ നിര്‍മ്മിച്ച കോയിക്കലേത്ത് കോയിക്കല്‍, നടുവിലെ കോയിക്കല്‍, മഠത്തില്‍കോയിക്കല്‍, മുണ്ടുവെലികോയിക്കല്‍, ഈറാട്ടുകോയിക്കല്‍, പുതിയകോയിക്കല്‍ എന്നീ കോയിക്കലുകളില്‍ താമസമാക്കുകയും ചെയ്തു. ഒപ്പം ബ്രാഹ്മണാലായങ്ങളായ മനകളും മഠങ്ങളും ഉണ്ടാക്കി. അവരോടൊപ്പം വന്ന പടയാളികള്‍ സമീപപ്രദേശങ്ങളില്‍ താമസിച്ചു. അവര്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന് ഗോപുരത്തുംമണ്ണ്, പാലവന്‍മണ്ണ് എന്നീ സ്ഥലങ്ങള്‍ ഉപയോഗിച്ചു. കളരിപരിശീലനം നല്‍കുന്നതിന് അയിരമണ്ണില്‍ കളരി സ്ഥാപിച്ചു. പരിശീലനത്തിനിടയില്‍ പരുക്കുപറ്റുന്നവരെ ചികിത്സിക്കുന്നതിന് വൈദ്യന്മാരെയും പാര്‍പ്പിച്ചു. ഔഷധചെടികള്‍ നട്ടുവളര്‍ത്തിയ ഔഷധത്തോട്ടവും കാവും സമീപത്തായി സംരക്ഷിച്ചു. പടയാളികള്‍ താമസിച്ചിരുന്ന ഐരവണില്‍ അവര്‍ക്ക് ആരാധന നടത്തുന്നതിന് പുതിയകാവില്‍ ഒരു കാളീക്ഷേത്രവും സ്ഥാപിച്ചു. വ്യത്യസ്ത ആയോധനമുറകള്‍ അഭ്യസിപ്പിക്കുന്നതിന് സമീപസ്ഥലങ്ങളില്‍ പരിശീലനകേന്ദ്രങ്ങളുണ്ടാക്കി. മല്ലശ്ശേരി, മല്ലയുദ്ധം പരിശീലിപ്പിച്ചിരുന്ന സ്ഥലമാണ്. വാള്‍മുട്ട് അഥവാ വാള്‍പയറ്റ് അഭ്യസിച്ചിരുന്ന സ്ഥലം വാഴമുട്ടവും ലാക്ക് നോക്കി അമ്പെയ്ത്ത് അഭ്യസിപ്പിച്ചിരുന്ന സ്ഥലം ലാക്ക് ഊര്‍ അഥവാ ളാക്കൂര്‍ -ഉം ആയി‍. 
                                                 കോന്നിയൂര്‍ ഗ്രാമം ശൈവമതവിശ്വാസികളായ പാണ്ഡ്യരാജാക്കന്മാര്‍ രൂപപ്പെടുത്തിയത് മുരിങ്ങമംഗലംക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ്. ഏകദേശം മൂന്നുറു വര്‍ഷത്തോളം കോന്നിയില്‍ താമസിച്ച രാജകുടുംബാംഗങ്ങളുടെ പ്രധാന ആരാധനാലയങ്ങളായിരുന്നു അവര്‍ നിര്‍മ്മിച്ച മുരിങ്ങമംഗലം മഹാദേവര്‍ക്ഷേത്രം, പുതിയകാവ് ഭഗവതിക്ഷേത്രം, അയിരമണ്‍ കൃഷ്ണസ്വാമിക്ഷേത്രം, ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരുവാപ്പുലം എള്ളാംകാവ് ക്ഷേത്രം എന്നിവ. മധുര മുതല്‍ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചന്‍കോവില്‍ പ്രദേശങ്ങളിലുടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരിയിലൂടെ കോന്നിയൂരും കുമ്പഴയും പത്തനംതിട്ടയും കഴിഞ്ഞ് ചെങ്ങന്നൂരില്‍ ഇന്നത്ത എം.സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിന് പുറമെ വാണിജ്യാവശ്യങ്ങള്‍ക്കും ഈ പാത ഉപയോഗിച്ചിരുന്നു. പഴയപാതയുടെ നിശ്ചിതദൂരങ്ങളില്‍ ഇളുപ്പുകല്ലുകള്‍ സ്ഥാപിച്ചിരുന്നതായി ഇപ്പോഴും കാണാം. മേല്‍പ്പറഞ്ഞ പാതയ്ക്കു പുറമേ കോന്നിയില്‍ നിന്ന് അച്ചന്‍കോവിലാറിന്റെ വടക്കേകരയിലൂടെ പന്തളത്തേക്ക് ഒരു പാത(ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും ആര്യങ്കാവിനേയും അച്ചന്‍കോവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടി ഉണ്ടായിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിനു കിഴക്ക് അച്ചന്‍കോവിലാറിന്റെ തീരപ്രദേശത്ത് സംസ്കാരസമ്പന്നമായൊരു ജനപഥം നിലനിന്നിരുന്നതായി കാണാം. കാക്കര മുതല്‍ അച്ചന്‍കോവില്‍ വരെ വിവിധ ജനവാസകേന്ദ്രങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു. ആരാധനാകേന്ദ്രങ്ങളും മറ്റും നല്‍കുന്ന സൂചനകള്‍ അതാണ്. കോന്നിയില്‍ നിന്ന് കഷ്ടിച്ച് പത്തുമൈലകലെയുള്ള കാക്കര, മുരിങ്ങമംഗലം ക്ഷേത്രഭരണത്തിലുള്‍പ്പെട്ട കൊണ്ടോട്ടി യക്ഷിയമ്പലം, ഇതിനു കിഴക്കുമാറി പറക്കുളം, അട്ടിപ്പാറ, കച്ചറ, കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ചേമ്പാല, അച്ചന്‍കോവില്‍ ക്ഷേത്രത്തിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കോടമല, കറവൂരിന് വടക്കുകിഴക്കായുള്ള കുമരന്‍കുടി എന്നിവ തകര്‍ന്നടിഞ്ഞ ആരാധനാകേന്ദ്രങ്ങളാണ്. കോടമലയില്‍ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ടായിരുന്നു. പന്തളം രാജാക്കന്മാര്‍ അച്ചന്‍കോവിലില്‍ താമസിക്കുന്ന കാലത്തുതന്നെ ഉണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഇന്നവശേഷിക്കുന്നത് ക്ഷേത്രഅറയും ജനങ്ങള്‍ താമസിച്ചിരുന്ന പറമ്പുകളും കോടമലതേവരുടെ ഉത്സവത്തിന് ഉപയോഗിച്ചിരുന്ന കൊടിയും മാത്രമാണ്. ശത്രുക്കളുടെ ആക്രമണം മൂലം ക്ഷേത്രം നശിച്ചെങ്കിലും കരക്കാരായ പഴയ കോന്നിയൂര്‍ നിവാസികള്‍ ക്ഷേത്രക്കൊടി രക്ഷപ്പെടുത്തി ഇന്നും സൂക്ഷിക്കുന്നു. 1775 മുതല്‍ 1795 വരെ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ പന്തളം രാജാവിന് ചില സ്ഥലങ്ങള്‍ നല്‍കിയതായി സൂചന ലഭിക്കുന്ന രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. കായംകുളം രാജാവുമായുള്ള യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെസഹായിച്ചതിന്റെ കൃതജ്ഞതയായിട്ടായിരിക്കാം ഏതാനും ഗ്രാമങ്ങളിലെ ഭരണഭാരം ഇവരെ ഏല്‍പിക്കാന്‍ കാരണം. ടിപ്പുവിനെ നേരിടുന്ന കാലത്ത് ധര്‍മ്മരാജാവ് പന്തളം രാജാവിനോട് ധനസഹായം ആവശ്യപ്പെട്ടതായി രേഖകളുണ്ട്. യുദ്ധക്കടം അടച്ചുതീര്‍ക്കുവാനായി പന്തളംരാജാവ് കൊല്ലവര്‍ഷം 969-ാംമാണ്ട് കാളിയന്‍ എന്ന നായര്‍പ്രഭുവിന് 26400/- പണത്തിന് രാജ്യം അടിമാനക്കാരണം (പണയാധാരം) കൊടുത്തതായും ചില രേഖകളുണ്ട്. അങ്ങനെ കോന്നിയൂര്‍, മലയാലപ്പുഴ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ കാളിയന്റെ അധീനതയിലായി. എന്നിട്ടും കുടിശിക തീരാത്തതു കാരണം പന്തളത്തിന്റെ എല്ലാ സ്വത്തുക്കളും കൊല്ലംവര്‍ഷം 996-ല്‍ തിരുവിതാംകൂറിന്റെ വകയായി.                                                                                                                                                                പതിനെഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കോന്നിയില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസും അതിനോടനുബന്ധിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവും പ്രവര്‍ത്തനമാരംഭിച്ചതായി കാണുന്നു. 1810-ല്‍ കോന്നിയില്‍ കാട്ടാനപിടിത്തം ആരംഭിച്ചതായി രേഖകളുണ്ട്. ആന പിടിക്കുന്നതിനോടുബന്ധിച്ച് ആനകളെ മെരുക്കിയെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ആനക്കൂട് സ്ഥാപിക്കയുണ്ടായി. കോന്നി മുന്നൂറ് എന്ന പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. കോന്നിയൂരിന്റെ എട്ടു വില്ലേജുകളിലായി മുന്നൂറ് കുടുംബങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ഈ ചൊല്ലിന്റെ പൊരുള്‍. ഒരുപക്ഷെ കോന്നിയിലെ ആദ്യത്തെ ഗ്രാമസഭ ഈ കുടുംബങ്ങളുടെ കൂട്ടായ്മയായിരുന്നിരിക്കാം.
                                                                                                                                                                                                     ലഫ്നന്റ്മാരായ വാര്‍ഡ്, കോണര്‍ എന്നീ സായ്പന്മാര്‍ 1820-ല്‍ സംയുക്തമായി പൂര്‍ത്തീകരിച്ച തിരുവിതാംകൂറിന്റെ ജില്ലാതല സര്‍വ്വേറിപ്പോര്‍ട്ട് 1901-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം അന്നത്തെ പന്തളംജില്ലയില്‍ പന്തളം, കോന്നിയൂര്‍, കക്കാട്, അറക്കുളം എന്നിങ്ങനെ നാല് പ്രവര്‍ത്തികളാണുണ്ടായിരുന്നത്. കോന്നി പ്രവര്‍ത്തിയില്‍ എട്ടു വില്ലേജുകള്‍ എന്നു കാണുന്നു. എട്ടു വില്ലേജുകളിലും കൂടി ആകെ 326 വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വയലുകളുടെ എണ്ണം കേവലം നാലെണ്ണമെന്നും കള്ള്-ചാരായ ഷാപ്പുകള്‍  ആറെണ്ണം.
                                 മറ്റ് പ്രസക്ത വിവരങ്ങള്‍ ഇങ്ങനെ:- വിവിധ മതങ്ങളുടെ ആരാധനാനാലയങ്ങള്‍ 49, വഴിയമ്പലം ഊട്ടുപുര, ചുങ്കപ്പുര തുടങ്ങിയവ എട്ടെണ്ണം, ആകെ പുരുഷന്മാര്‍ 730, സ്ത്രീകളുടെ എണ്ണം 581, ആകെ ജനസംഖ്യ 1311. കോന്നി പ്രദേശത്ത് മിനര്‍വഖാന്‍ അലിഖാന്‍ എന്ന പഠാണി വംശജനായൊരാള്‍ കൊല്ലവര്‍ഷം 1080-കളില്‍ തിരുവിതാംകൂര്‍ രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ഉദ്യോഗം വഹിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം നാലു പത്താന്‍ കുടുംബങ്ങള്‍ കൂടി കോന്നിയിലെത്തി. കൊല്ലവര്‍ഷം 1080-ാംമാണ്ടിനടുത്താണ് ആദ്യത്തെ മുസ്ളീംപള്ളി (പാറയില്‍ പള്ളി) സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. 1841-ല്‍ സ്ഥാപിതമായ കിഴവള്ളൂര്‍ സെന്റ് പിറ്റേഴ്സ് ഒര്‍ത്തോഡോക്സ്പള്ളിയാണ് ക്രിസ്ത്യന്‍മത വിഭാഗത്തിന്റെ ഈ പ്രദേശത്തെ ആദ്യത്തെ ആരാധനാലയം. കോന്നി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് പള്ളി മറ്റൊരു പ്രമുഖ ദേവാലയമാണ്. 1823-ല്‍ ആയില്യം തിരുനാളിന്റെ ഭരണക്കാലത്താണ് കോന്നിയില്‍ ആദ്യത്തെ പ്രൈമറി വിദ്യാലയം ആരംഭിച്ചത്. 1923-ല്‍ തുടക്കം കുറിച്ച എന്‍.എസ്.എസ്. ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനുള്ള വാതില്‍ തുറന്നു. നടരാജഗുരുവിന്റെ ശിഷ്യനായ ഗുരുനിത്യചൈതന്യയതി കോന്നിയുടെ കീര്‍ത്തി ലോകമെമ്പാടും എത്തിച്ച ദാര്‍ശനികനാണ്. കോന്നി വില്ലേജ് യൂണിയന്‍ ഭരണം നിലവില്‍ വന്നത് 1948-ല്‍ ആണ്. സാമൂഹ്യരംഗത്ത് പ്രമാണിമാരായ വ്യക്തികളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് കമ്മിറ്റി രൂപീകരിച്ച് വില്ലേജുയൂണിയന്റെ ഭരണച്ചുമതല നല്‍കുകയായിരുന്നു. യൂണിയന്റെ ആദ്യ പ്രസിഡന്റായത് പഴൂര്‍ പി.ജി.രാമന്‍പിള്ളയായിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തുനടന്ന ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ (1953) ഡോക്ടര്‍ എന്‍.ദാമോദരന്‍പിള്ള പ്രസിഡന്റായ കമ്മിറ്റി നിലവില്‍ വന്നു.